ഹായ് , ബൈ ... സി യു ഉമ്മ
➖➖➖➖➖➖
കഴിഞ്ഞ ഒരാഴ്ചയോളം മൂന്നാറിൽ ആയിരുന്നു. ഒരു പാട് മറക്കാനാവാത്ത അനുഭവങ്ങൾ ... അതിലൊന്നാണ് മൂന്നാറിൽ സൂര്യനെല്ലി ജി ടി എൽ പി എസ് ചെമ്പകത്തൊഴുവിലെ ഒന്നാം ക്ലാസിലെ ഐശ്വര്യക്കുട്ടി. കേരളത്തിലെ പാർശ്വവത്കൃത സമൂഹത്തെ ചേർത്തുപിടിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ ഒരു പ്രൊജക്ടിന്റെ ഭാഗമായി എത്തിയതായിരുന്നു. ഒന്നാം ക്ലാസിൽ പഠിപ്പിച്ചില്ലെങ്കിലും കുടി സന്ദർശിച്ചപ്പോൾ തുടങ്ങിയ അടുപ്പമാണ് ഐശ്വര്യക്കുട്ടിയോട് ; എല്ലാ ഇടവേള സമയത്തും ഐശ്വര്യ ഓടി വരും നിറയെ മുള്ളിപ്പഴങ്ങൾ പറിച്ചു തരും; നിറയെ മുത്തുള്ള കൊലുസും കിലുക്കി വിദ്യാലയത്തിൽ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവിഭവങ്ങൾ കാട്ടിത്തരും.
മുള്ളിപ്പഴം പറിക്കാനായി പടർന്നു പന്തലിച്ച കുറ്റിചെടിയിൽ കയറി ഈ കൂട്ടുകാർ പറ്റി പ്പിടിച്ചിരിക്കുന്നത് കണ്ടാൽ പേടിയാവും. താഴെ ചെങ്കുത്തായ കാട് !
പക്ഷേ പ്രകൃതി ഒരു പൂമ്പാറ്റയെ പോലെ താങ്ങി നിർത്തുന്നു അവരെ.
🤍
ചിലപ്പോൾ ഐശ്വര്യ മടിയിൽ കയറി ഇരിക്കും. പുസ്തകം വായിച്ചു കൊടുക്കാൻ പറയും. എപ്പൊ കണ്ടാലും പറയും.
"ബൈ സി യു ഉമ്മ ." (പിന്നെയാണ് ഞങ്ങളോർത്തത് ,അവരുടെ കുടി സന്ദർശിച്ച് പിരിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണത് !)
🤍
മൈക്കിൾ എന്നൊരു കൂട്ടുകാരനുണ്ട് നാലാം ക്ലാസിൽ. ഇടവേള സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി പൊട്ടിയ ഷീറ്റ് കഷണങ്ങളും കമ്പുമൊക്കെ കൊണ്ട് മൈക്കിൾ കളി വീടൊരുക്കും. ഞാനും ചെന്നു കളിവീട്ടിൽ, "ടീച്ചർ വാ ഇരി ഇത് കല്യാണ വീടാ , ഇത് ലൈറ്റ്, ഇത് സ്പീക്കർ... അത്ര തിരിയാത്ത ശബ്ദത്തിൽ കൂട്ടുകാരൻ പറഞ്ഞു. (നെഫ്രോളജിയുമായി ബന്ധപ്പെട്ട എന്തോ ചികിത്സയിലാണ് അവൻ . വിദ്യാലയത്തിൻ്റെ പ്രിയങ്കരൻ.)
🤍
നാലിലെ കൂട്ടുകാർക്ക് ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായി മുട്ട വിരിഞ്ഞപ്പോൾ കോഴിയമ്മ എല്ലാവർക്കും മിഠായി കൊടുത്തു. അതും പോപ്പിൻസ് !
ഒന്നാം ക്ലാസിൽൽ കൂടി അത് കൊടുത്തപ്പോൾ അവർക്ക് കാണണമത്രെ മിഠായി തരുന്ന കോഴിയമ്മയെ! .
അവരിങ്ങു പോന്നു.
🤍
ചിത്ര പുസ്തക നിർമാണമായപ്പോൾ , എന്നും ഇടവേളയുടെ അവസാന നിമിഷവും ഫുട്ബോളിനും ക്രിക്കറ്റിനും മാത്രമായി കൊടുത്തിരുന്നവർ , കളി ഒഴിവാക്കി സ്വമേധയാ പുസ്തക നിർമാണത്തിൽ മുഴുകി !
കണ്ടില്ലേ ഏതൊരു കുട്ടിയേയും പോലെ ചിന്തയും കൗതുകവും ജിജ്ഞാസയും ഇഷ്ടങ്ങളും ഒക്കെയുണ്ടവർക്കും.
അവരുടെ ഇഷ്ടങ്ങൾ തന്നെയാണ് അവരെ വിദ്യാലയത്തിലേക്ക് അടുപ്പിക്കുന്നതും അകറ്റുന്നതും.
🤍
ചെമ്പകത്തൊഴുകുടി, ടാങ്ക് കുടി, പച്ചപ്പുൽക്കുടി എന്നിങ്ങനെ മൂന്ന് കുടികളിൽ നിന്നാണ് ഇവിടെ കൂട്ടുകാരെത്തുന്നത്.
പഞ്ചായത്ത്, പ്രഭാത ഭക്ഷണത്തിനുള്ള സാമ്പത്തികം നൽകിയിരുന്നു. അത് ഉപയോഗിച്ച് എല്ലാവരുടെയും പ്രിയപ്പെട്ട' മുത്തക്ക' (മുത്തു ലക്ഷ്മി) സ്വാദിഷ്ഠമായ വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി നൽകിയിരുന്നു. ഇതിനായി HM അയ്യാമാഷ് തമിഴ്നാട്ടിൽ നിന്നു റാഗി സേമിയ വരെ കൊണ്ടുവന്നിരുന്നു. ഉച്ചഭക്ഷണത്തിൽ ആഴ്ചയിൽ രണ്ടു ദിവസം നോൺവെജ് നൽകിയിരുന്നു. പക്ഷേ, ഇപ്പോൾ ഒരു മാസമായി ഇത് നിലച്ചിരിക്കുന്നു. ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ വളരെ നന്ന്. കാരണം എല്ലാ കുടികളിലും എന്നും രാവിലെ കഞ്ഞിയും പരിപ്പുമേ ഉണ്ടാകൂ.
പക്ഷേ, കുട്ടികൾ വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നു; അവരുടെ ആരോഗ്യം അതാവശ്യപ്പെടുന്നു. പാചകത്തൊഴിലാളിയുടെ ശമ്പളവും നിലച്ച അവസ്ഥയുണ്ടിപ്പോൾ.
സാമൂഹ്യ നീതിയിലധിഷ്ഠിതമാകുമ്പോഴാണല്ലോ പൊതു വിദ്യാഭ്യാസം അർത്ഥവത്താകുന്നത്.
അതിനായി ഗവേഷണാടിസ്ഥാനത്തിലുള്ള ഇടപെടൽ തന്നെയാണ് ആവശ്യം. അവരുടെ ഇഷ്ടങ്ങൾക്കും അറിവിനും പ്രാമുഖ്യം കൊടുക്കണം എന്നുമാത്രം. അതാണ് സമഗ്ര ശിക്ഷാ കേരളയും പരിഷത്തുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നതും.
ഒപ്പം കൂടാനാവുന്നവരൊക്കെ കൂടണം. ഈ കൂട്ടുകാരുടെ അക്കാദമിക നിലവാരം ഉയർത്താൻ, കുടി കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ അത്യാവശ്യമാണ്.
SSK നിലമ്പൂരിൽ പാർശ്വവൽകൃതർക്കായി
നടപ്പാക്കിയ "എങ്കെ എങ്കക്കൂട്ടം" എന്ന പ്രവർത്തനത്തിൽ പഠന വിഭവം എഴുതാനും മൂന്നാറിൽ പഠിപ്പുറസിയിലും ഇപ്പോൾ തേൻ മലയാളവുമായി ഫീൽഡിലും പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ തിരിച്ചറിവുകൾ ഒത്തിരിയാണ്.
🤍
അഞ്ച് വയസ്സായ ഐശ്വര്യയെ പോലെ തന്നെ ഹൃദയത്തോട് ചേർത്തു നിർത്തേണ്ട മറ്റൊരാളാണ് 'ഐശ്വര്യ 25 വയസും '.
ജി ടി എൽ പി യിലെ അധ്യാപികയാണ്. ഐശ്വര്യ വെറും അധ്യാപികയല്ല; അനുഗ്രഹീത -സർഗാത്മക - അധ്യാപികയാണ്. ഒരാഴ്ചക്കാലം ഞാൻ ഇദ്ദേഹത്തിന്റെ 'സഹമുറിയത്തി' ആയിരുന്നു . 'ഹൃദയഹാരിയായ ഒരുപിടി അനുഭവങ്ങൾ നൽകിയ ഐശ്വര്യ ടീച്ചറിന്റെ വിശേഷങ്ങൾ ഇനി കേരളം അറിയാനിരിക്കുന്ന തേയുള്ളൂ ....
ഇനിയുമുണ്ട് ഒത്തിരി നല്ല മനുഷ്യർ . ഒരാഴ്ച ഒപ്പം പ്രവർത്തിച്ച രാജൻ മാഷ് , രാവിലെ തന്നെ കുടികളിലൊക്കെ പോയി കൂട്ടുകാരെ കൂട്ടി സ്കൂളിലേക്കെത്തിക്കുന്ന HM അയ്യാ മാഷ്.
മനുഷ്യ സ്നേഹത്തിന്റെ മണവും മധുരവും പരത്തുന്ന പ്രൊജക്ടുകൾ ഏറ്റെടുത്ത് അവർക്ക്" പഠിപ്പിന്റെ ഉർസി" പ്രദാനം ചെയ്യുന്ന SSK സ്റ്റേറ്റ് പ്രോഗ്രാം ഒഫീസർ സിന്ധു ടീച്ചർ, പാർശ്വവൽകൃതരുടെ ശബ്ദമായി സ്വയം മാറുകയും മാനവ സ്നേഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഡോ ടി പി കലാധരൻ മാഷ് , സംഘാംഗങ്ങളും അധ്യാപകരുമായ ഷമീർ , ഷാദം , ബിജി , ഐശ്വര്യ, ശ്രീലക്‌ഷ്മി, ജസ്റ്റിന , മുരളി മാഷ് , . രഘു , വ്യാസ് തുടങ്ങി എല്ലാവർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം. നന്ദി.






