Thursday, March 21, 2024
കോൾമയിർ കൊള്ളിച്ച കോയിപ്പാട്
🟥 കുഞ്ഞെഴുത്ത് നവകേരള സദസ്സിൽ
നവകേരള സദസ്സ് കൊല്ലം ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിൽ എത്തിയപ്പോൾ ആ വലിയ വേദിയിൽ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വി കെ മഹേശ്വർ എന്ന, എൻ്റെ സ്കൂളിലെ , ഒന്നാം ക്ലാസുകാരൻ അച്ചടിച്ച സ്വന്തം ഡയറി നൽകി അവരെ സ്വീകരിച്ചതാണ് ഞങ്ങളുടെ സ്കൂളിൻ്റെ ഒന്നാന്തരം അഭിമാനം
🟥 വിദ്യാഭ്യാസ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്*
നവകേരള സദസ്സിന് മുൻപും പിൻപും ബഹു. കേരളാ വിദ്യാഭ്യാസമന്ത്രി എഫ് ബി യിൽ ഞങ്ങളുടെ ഒന്നാം ക്ലാസുകാരൻ വി കെ മഹേശ്വറിനെയും മഹേശ്വറിൻ്റെ എൻ്റെ ഓമനദിവസങ്ങൾ എന്ന പുസ്തകത്തെയും പരാമർശിച്ച് പോസ്റ്റിട്ടു. നവകേരള സദസ്സിൽ നേരിൽ കണ്ടപ്പോൾ മഹേശ്വറിനെ എടുത്ത് മടിയിൽ ഇരുത്തി അഭിനന്ദിച്ചതും മഹേശ്വറിനും വിദ്യാലയത്തിനും വലിയ അംഗീകാരമായി.
ബഹു. എം എൽ എ ശ്രീ ജി എസ് ജയലാൽ
നവകേരള സദസ്സിൽ പറഞ്ഞത്:
https://youtu.be/-RrSBiU_kX4?si=d6QxXQ3ZB14t-lE-
🟥 സമഗ്ര ശിക്ഷ കേരളയുടെ ഉത്തരവ്
കോയിപ്പാട് ഗവ എൽ പി എസി ലെ ഒന്നാം ക്ലാസുകാരൻ വി കെ മഹേശ്വർ പതിവായി ഡയറി എഴുതി 2023 നവംബറിൽ 100 ദിവസം പൂർത്തിയാക്കിയപ്പോൾ വിദ്യാലയം വേറിട്ടതും പുതുമയുള്ളതുമായ രീതിയിൽ അക്കോഡിയൻ ഡയറിയായി “എൻ്റെ ഓമനദിവസങ്ങൾ” എന്ന പേരിൽ സമഗ്ര ശിക്ഷ കേരളയുടെ ധനസഹായത്തോടെ പുസ്തക രൂപത്തിലാക്കി
സംസ്ഥാനത്തിലെ ആദ്യ അക്കോഡിയൻ ഡയറി വി കെ മഹേശ്വർ എഴുതിയ എൻ്റെ ഓമനദിവസങ്ങൾ
എസ് ആർ ജി പരിശീലനത്തിൽ എല്ലാ ജില്ലകൾക്കും കോപ്പി നൽകിയാണ്
സമഗ്രശിക്ഷാ കേരള മഹേശ്വറിനെയും വിദ്യാലയത്തെയും അംഗീകരിച്ചത്.
ക്ലസ്റ്റർ പരിശീലനത്തിലൂടെ വ്യാപനം ഉറപ്പാക്കി. കോയിപ്പാട് സ്കൂളിൻ്റെയും വി കെ മഹേശ്വറിൻ്റെയും പേര് സൂചിപ്പിച്ച് എസ് എസ് കെ യുടെ ഒരു ഉത്തരവും ഇറങ്ങി .
അങ്ങനെ കേരളത്തിലെ എല്ലാ ഒന്നാം ക്ലാസുകാരുടെയും ഡയറി പ്രസിദ്ധീകരിക്കാൻ തീരുമാനമായി. ഇതറിഞ്ഞ കേരളത്തിലെ വലിയൊരു പ്രസാധകർ ഞങ്ങളെ സമീപിക്കുകയും വി കെ മഹേശ്വർ എന്ന കുഞ്ഞെഴുത്തുകാരൻ്റെ ഡയറി പ്രസിദ്ധീകരിക്കുകയും ചെയ്തു.
സ്വന്തം പുസ്തകത്തിൻ്റെ റോയൽറ്റി കൈപ്പറ്റുന്ന ഒരു എഴുത്തുകാരനാണിന്ന് എൻ്റെ ഒന്നാം ക്ലാസുകാരൻ വി കെ മഹേശ്വർ. പത്രമാധ്യമങ്ങളിൽ മഹേശ്വറിലൂടെ കോയിപ്പാട് സ്കൂളും ഒന്നാം ക്ലാസും തിളങ്ങി’
🟥 *സഖിലേഷിൻ്റെ* *ചിത്രകഥ തളിര്* *മാസികയിൽ*
2023 അവധിക്കാല അധ്യാപക പരിശീലനത്തിൽ ലക്ഷ്യമിട്ടത് പോലെ ഒന്നാം ക്ലാസിൽ ഓരോ പാഠങ്ങൾ പൂർത്തിയാകുമ്പോൾ പാഠത്തിൻ്റെ കഥാഭാഗം സ്വന്തം ഭാഷയിൽ എഴുതിയും ചിന്തിപ്പിക്കുന്ന ചിത്രം നല്‍കിയും കഥ എഴുതുകയും സ്വന്തം രീതിയിൽ ചിത്രീകരണം നടത്തി പുസ്തക രൂപത്തിലാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപപ്പെട്ട ചിത്രകഥയാണ് “കൂട്ടുകാരായ കുഞ്ഞിത്താറാവും തവളയും. ചിത്ര പുസ്തകനിർമ്മാണത്തിൻ്റെ പ്രക്രിയ ചെ
യ്തു നോക്കി ഫലപ്രദമാണെന്ന് മനസിലാക്കി സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിൽ
ചിത്ര പുസ്തകം രൂപപ്പെട്ടു.
ചിത്ര പുസ്തകം രൂപപ്പെട്ടു.
ഒന്നാം ക്ലാസുകാരൻ സഖിലേഷ് തയ്യാറാക്കിയ ചിത്രകഥ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തളിര് മാസിക പ്രസിദ്ധീകരിച്ചത്. സഖിലേഷിനും വിദ്യാലയത്തിനും അംഗീകാരമായി.
*🟥 തേൻമലയാളം*
2022 മുതൽ വിദ്യാലയത്തിൽ നടത്തിയ ഗവേഷണാത്മക ഇടപെടൽ കേരളമാകെ വ്യാപിച്ചതിൽ ഒട്ടേറെ സന്തോഷമുണ്ട്.
ഭാഷാശേഷി വികസന പ്രവർത്തന പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചു. 2022 ജൂലൈ 24 ന് എൻ്റെ വിദ്യാലയമായ കൊല്ലം കോയിപ്പാട് ഗവ എൽ പി എ സി ൽ ഞങ്ങൾ ശനി, ഞായർ രണ്ട് ദിവസങ്ങളിലായി കൂടിയിരുന്നു . മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അക്കാദമിക പിന്തുണയോടെ പാഠനിർമ്മാണം നടത്തി. കൊല്ലം, പത്തനംതിട്ട കോട്ടയം , ഇടുക്കി ജില്ലകളിൽ നിന്നായി അധ്യാപകരെത്തി. ട്രൈ ഔട്ടിൽ രക്ഷിതാക്കൾ കൂടി പങ്കെടുത്തത് കൂടുതൽ ഗുണകരമായി. കുട്ടികളെ വച്ച് ക്ലാസ് എടുത്തത് കലാധരൻ മാഷായിരുന്നു. പത്ത് പാഠങ്ങളും സമീപനവും തയ്യാറാക്കി. ചാത്തന്നൂർ എം എൽ എ ശ്രീ ജി എസ് ജയലാൽ ശില്പശാലയിൽ പങ്കെടുത്ത് ഔപചാരിക ഉദ്ഘാടനവും നടത്തി.
30 ദിവസങ്ങൾ കൊണ്ട് പ്രവർത്തനം പൂർത്തിയാക്കി ലക്ഷ്യ പ്രഖ്യാപനം നടത്തണമെന്ന് തീരുമാനിച്ചു.
പൂർണ്ണമായി ആശയാവതരണ രീതിയിൽ , കുട്ടിയുടെ മനസിൽ ആശയം നിറച്ച് എഴുത്തിലേക്ക്. ഒപ്പം വരയും നിർമ്മാണവും പാട്ടും കഥയും അംഗീകാരങ്ങളും.
പിന്നെ തെളിവെടുത്തെഴുത്തും ബോഡെഴുത്തും എഡിറ്റിങ്ങും. കുട്ടികൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഉത്സുകരായി കാണപ്പെട്ടു.
മൂന്ന് ദിവസം കഴിഞ്ഞ് വായനോത്സവം ആരംഭിച്ചു. ചെറിയ വരികളുള്ള ചിത്ര പുസ്തങ്ങൾ എന്നും കൂട്ടുകാർക്ക് കൊടുത്തു വിട്ടു. രക്ഷിതാവിൻ്റെ സഹായത്തോടെ രാത്രിയിൽ ഓൺലൈൻ വായനോത്സവം ആരംഭിച്ചു. പിറ്റേ ദിവസം വരുമ്പോൾ പുസ്തക വായനയ്ക്കായി മൈക്കും കേൾവിക്കാരും അവരെ കാത്തിരുന്നു. ആദ്യമാദ്യം ഒരു പേജ് മാത്രമായിരുന്നു വായന.
എൻ്റെ വിദ്യാലയത്തിലെ ഓരോ കുഞ്ഞിനെയും ഞങ്ങൾ സൂക്ഷ്മമായി പഠിച്ചു. വിശകലനം നടത്തി. കാരണം അവർക്കിണങ്ങും വിധത്തിൽ ഞങ്ങൾ മാറേണ്ടതുണ്ടായിരുന്നു. കാലധരൻ മാഷ് ഓൺലൈൻ പിന്തുണ നൽകി. രക്ഷിതാക്കളും വിദ്യാലയ പിന്തുണാസമിതി അംഗങ്ങളും ഒപ്പം ചേർന്നു. ക്രമേണ കുട്ടികൾ നിസ്സങ്കോചം വായന ആരംഭിച്ചു. ഏഴ് ദിവസം കഴിഞ്ഞ് രചനോത്സവം ആരംഭിച്ചു . ചിത്രം ഗ്രൂപ്പ് വഴിയും പ്രിൻ്റ് നൽകിയും ചെറുചോദ്യങ്ങൾ ഒപ്പം ചേർത്തു. കൂട്ടുകാരെ സർഗാത്മ രചനയിലേക്ക് നയിച്ചു. എല്ലാ ദിവസവും രചനകൾ ഡിസ്പ്ലേ ചെയ്തു. എൻ്റെ വിദ്യാലയത്തിൽ കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി.
തേൻമലയാളത്തെ കുറിച്ച് കേട്ടറിഞ്ഞ് വിവിധ ജില്ലകളിൽ നിന്ന് ക്ഷണം ഉണ്ടായി . പല ജില്ലകളിലെയും ശില്പശാലകളിൽ പങ്കെടുത്തു ഓരോ ശില്പശാലകളും പുതിയ അറിവുകളും അനുഭവങ്ങളും തന്നു.
*🟥 പ്രതിസന്ധികൾ* , *മറികടക്കലുകൾ*
പാഠങ്ങൾ വിനിമയം ചെയ്ത കാലയളവിൽ വിവിധ കാരണങ്ങളാൽ ചില കൂട്ടുകാർക്ക് ക്ലാസിൽ എത്താനായില്ല. അവർക്ക് ലക്ഷ്യത്തിലെത്താനുമായില്ല. അവർക്കായി വീണ്ടും വ്യക്തിഗത പാഠങ്ങൾ ഉണ്ടാക്കി. പ്രശ്നങ്ങൾ കണ്ടെത്തി വീണ്ടും വീണ്ടും വിശകലനം ചെയ്തും പരിഹാരം നൽകിയും വീണ്ടും പഠിപ്പിച്ചു. സ്വന്തം ചിന്ത ഉപയോഗിക്കാത്തവർ, ആത്മവിശ്വാസക്കുറവുള്ളവർ, കാണാപ്പാഠവായനക്കാർ ,വീട്ടുഭാഷ എഴുത്തുഭാഷയാക്കുന്നവർ അങ്ങനെ സാരമായ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടു . അഭിരുചി പരിഗണിച്ച് പ്രവർത്തന സ്വഭാവം മാറ്റിയും കഥയിൽ കോർത്തും കളിയിൽ ചേർത്തും വരച്ചും പറഞ്ഞും ലക്ഷ്യത്തിലേയ്ക്കടുത്തു കൊണ്ടിരുന്നു .സ്വന്തമായി വായിക്കുന്നവർ എഴുതുന്നവർ തിളങ്ങുന്ന കണ്ണുകളോടെ തുള്ളിച്ചാടുന്ന കാഴ്ച സ്കൂളിൽ പതിവായി. എന്നും അവർ മൈക്കിലൂടെ പുസ്തകങ്ങൾ വായിച്ചു. നാടാകെ കേട്ടു. പാഠങ്ങൾ പൂർത്തിയായി. ഓണത്തിന് സ്കൂൾ അടയ്ക്കാറായി. പ്രഖ്യാപന തീയതി എടുക്കാറായി. മുകളിൽ പറഞ്ഞ പ്രശ്നങ്ങളാലും ഹാജരില്ലായ്മയാലും 5 പേരിൽ അപ്പോഴും ഞങ്ങൾ തൃപ്തരായില്ല. ഓണാവധിക്ക് കൂട്ടുകാരുടെ വീടുകളിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ചില ദിവസങ്ങളിൽ അവരെ രക്ഷിതാക്കൾ സ്കൂളിലേക്കും എത്തിച്ചു. എങ്കിലും പ്രതിസന്ധികൾ ഉണ്ടായി. അവധി ദിവസം ഉച്ചഭക്ഷണമില്ല. രക്ഷിതാക്കൾക്ക് രാവിലെ പൊതിഞ്ഞു കൊടുക്കാൻ പ്രയാസം. അക്കാരണം കൊണ്ട് വരാതിരിക്കാൻ സാധ്യത. ഒക്കെയും തരണം ചെയ്തു ഞങ്ങൾ. ഞാൻ രാവിലെ എഴുന്നേറ്റ് നെയ്ചോറും സോയാബീൻ കറിയും വച്ച് 10 പേർക്ക് ഒറ്റ പാത്രത്തിലെടുത്ത് കൃത്യം 10 മണിക്ക് സ്കൂളിൽ ഞങ്ങൾ കൂടുകയും വായന, എഴുത്ത് പ്രവർത്തനങ്ങൾക്ക് ശേഷം ‘. ഞങ്ങളാ ഭക്ഷണം പങ്കിട്ടുകഴിച്ചു.
*🟥 വിജയപ്രഖ്യാപനം*
ഒരു പൊതുസമൂഹത്തിനു മുന്നിൽ, ഒരു തുറന്ന വേദിയിൽ നിരത്തി വച്ച നൂറിലേറെ ബാലസാഹിത്യകൃതികൾ, വായനക്കാർഡുകൾ , ചാർട്ടുകൾ. ഒപ്പം സ്ഥാപിച്ചിരിക്കുന്നു വലിയൊരു വൈറ്റ്ബോഡും മാർക്കറും .അവയ്ക്ക് മുന്നിലേക്ക് ഒരു പൊതുവിദ്യാലയത്തിലെ മുഴുവൻ കുട്ടികളും എത്തുന്നു . ആ നാടിനോടായി ഉറക്കെപ്പറയുന്നു “പ്രിയമുള്ളവരെ ഈ നിൽക്കുന്ന കുട്ടികളിൽ നിങ്ങൾ ആരെ വിളിച്ച് ഏത് പുസ്തകം കൊടുത്ത് വായിക്കാൻ പറഞ്ഞാലും അവർ തെറ്റില്ലാതെ വായിക്കും; നിങ്ങൾ പറയുന്ന ഏത് ലളിതവാക്യവും ഞങ്ങളുടെ കുട്ടികൾ എഴുതും.”
പ്രിയമുള്ളവരെ ഇങ്ങനെയൊരു വിദ്യാലയത്തിൻ്റെ അഭിമാനവേദിയൊരുക്കാൻ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിഞ്ഞതാണ് എൻ്റെ അധ്യാപനജീവിതത്തിലെ ഏറ്റവും വലിയ അഭിമാനനിമിഷം. ഒരു ടീമായി ഞങ്ങൾ പ്രവർത്തിച്ചു.
പൊതു സമൂഹത്തിന് മുന്നിൽ
2022 സെപ്തം 29 ന് ഞങ്ങൾ ആ കുരുന്നുകളെ അഭിമാനത്തോടെ നിർത്തിക്കൊടുത്തു. കൊവിഡ് കഴിഞ്ഞ് അക്ഷരങ്ങളെ ആകൃതി നോക്കി വരച്ചിരുന്നവർ ലഘുവാക്യങ്ങൾ എഴുതി ബോർഡ് നിറച്ചു!
🟥 *പൂന്തേൻ* *മലയാളത്തിലേക്ക്*
എൻ്റെ വിദ്യാലയത്തിലെ 3, 4 ക്ലാസുകളിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തതായി ഒരു കുട്ടി പോലും ഇല്ല എന്നുറപ്പാക്കി.
തുടർന്ന് വരും വർഷം മൂന്നാം ക്ലാസിലേക്ക് എഴുതാനും വായിക്കാനും അറിയാത്തവരായി നമ്മുടെ കുട്ടികൾ വരരുത് എന്ന തീരുമാനത്തിലേക്ക് വിദ്യാലയം എത്തി. 1, 2 ക്ലാസിലെ കൂട്ടുകാർക്കായി പൂന്തേൻമലയാളം പ്രവർത്തന പാക്കേജ് ആരംഭിച്ചു. സമാന ആവശ്യമുള്ളവരുടെ കൂട്ടായ്മ രൂപപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഞങ്ങൾ ഒത്തുകൂടി. വിവിധ വിദ്യാലയങ്ങൾ, ബി ആർ സികൾ ഒക്കെ പൂന്തേൻ മലയാളത്തിന് ആതിഥേയത്വം വഹിച്ചു. കൊണ്ടും കൊടുത്തും ഞങ്ങൾ മുന്നേറി. സചിത്ര പുസ്തകം, ആശയാവതരണം , കഥാനുഭവം ഇവ കൊച്ചുകൂട്ടുകാർ ശക്തമായി ഏറ്റെടുത്തു. തുടർ പാഠ നിർമ്മാണത്തിനായി വിവിധ ജില്ലകളിൽ ശില്പശാലകളും ട്രൈ ഔട്ടും വച്ചു.
അങ്ങനെയാണ് പാലയാട് നിന്നും സുസ്മിത ടീച്ചറുടെ സംയുക്ത ഡയറി പരിചയപ്പെടുന്നത്. തികച്ചും ശിശുപക്ഷമായ ആ പ്രവർത്തനം പൂന്തേൻ മലയാളം മൊഡ്യൂളിൽ ഉൾപ്പെടുത്തി. എൻ്റെ ക്ലാസിൽ തമിഴ് വംശജരായ മക്കൾക്ക് ഇടവേളകളിൽ ഞാനും ഞങ്ങടെ HM ഉം നിധിടീച്ചറും രക്ഷിതാക്കളായി.
അങ്ങനെ സചിത്ര പുസ്തകം, സംയുക്ത ഡയറി, ലഘുബാല സാഹിത്യകൃതി എന്നിവയൊക്കെയായി സ്കൂളിൽ പൂന്തേൻ മലയാളം മുന്നേറി.
എഴുത്തുകാരൻ ഷിനോജ് രാജിൻ്റെ നേതൃത്വത്തിൽ *പിക്ബു* എന്ന പേരിൽ ലഘുബാല സാഹിത്യ കുതിനിർമ്മാണ ശില്പശാല സ്കൂളിൽ നടന്നു.
*🟥 എൻ സി ഇ ആർ ടി*( *NCERT* )
*യിൽ റിസോഴ്സ് പെഴ്സൺ***
2022 നവംബർ 10 ന് SCERT യുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ NCERTയി ൽ എക്സ്പീരിയൻഷ്യൽ ലേണിങ്ങ് ഇൻ സ്കൂൾസ് എന്ന പേരിൽ നടന്ന നാഷണൽ എഡ്യൂക്കേഷണൽ മീറ്റിൽ റിസോഴ്സ് പെഴ്സണായി പങ്കെടുത്ത് തേൻമലയാളം പേപ്പർ അവതരിപ്പിച്ചു. മികച്ച പ്രതികരണം നേടി.
*🟥 അഭിമാനോത്സവം*
2023 മാർച്ച് 25 ന് കോയിപ്പാട് എൽ പി എസ് പൊതു സമൂഹത്തിന് മുന്നിൽ അഭിമാനോത്സവം* നടത്തി. എം എൽ എ അടക്കം പഞ്ചായത്ത് പ്രതിനിധികളടക്കം വലിയൊരു ജാനാവലിക്ക് മുന്നിൽ കുമ്മല്ലൂർ ജംഗഷ് നിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വായിക്കാൻ കഴിവുള്ളവരായി എത്തി. പുസ്തകങ്ങളും ആനുകാലികങ്ങളും അവർ തുടർച്ചയായി വായിച്ചു. സമൂഹം പറയുന്നത് വായിച്ചും എഴുതിയും അക്ഷരാർത്ഥത്തിൽ കുരുന്നുകൾ വിദ്യാലയത്തിന് അഭിമാനമായി.
കോഴിക്കോട് മുചുകുന്നിൽ കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആശയാവതരണ രീതിയിലൂന്നിയ ഒന്നാം ക്ലാസ് പഠനാനുഭവം പ്രീസ്കൂ ൾ കുരുന്നുകളെ വച്ച് ചെയ്തു അനുകൂല ഫലം ലഭിച്ചു.
.🟥 2023-24 അധ്യയന വർഷം
പൂന്തേൻ മലയാളം ഒന്നാം ക്ലാസിൻ്റെ കോർ എസ് ആർ ജി യിൽ അവതരിപ്പിച്ചു. നിലവിലെ പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ച് പൂന്തേൻ മലയാളത്തിൻ്റെ രീതിശാസ്ത്രം സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
കോർ എസ് ആർ ജി യിൽ ട്രൈ ഔട്ട് ക്ലാസ് SCERT, SSK യുടെ ആഭിമുഖ്യത്തിൽ*
കാസർഗോഡ് ജില്ലയിൽ പൊള്ളവെയിൽ സ്കൂളിൽ
പ്രീപ്രൈമറി കുട്ടികളെ വച്ചുള്ള
ട്രൈ ഔട്ട് നടത്തി.
ശേഷം അനുഭവങ്ങളെ വിശകലനം ചെയ്ത് മെച്ചപ്പെടുത്തുമ്പോൾ എന്നിലെ അധ്യാപിക സ്വാഭാവികമായി ശാക്തീകരിക്കപ്പെട്ടു കൊണ്ടേയിരുന്നു . ഓരോ ക്ലാസുകളും ഓരോ ട്രൈ ഔട്ടുകളും ഒരു പിടി തിരിച്ചറിവുകളും അനുഭവങ്ങളും തന്നുകൊണ്ടിരുന്നു
.
*🟥 എസ് ആർ ജി യിൽ പ്രദർശനക്ലാസ്*
പത്തനംതിട്ടയിൽ എസ് ആർ ജി തലത്തിൽ 60 അധ്യാപകർ നിരീക്ഷകരായിരിക്കെ പ്രദർശന ക്ലാസ് എടുത്തു. തുടർ ചർച്ചകളും മൊഡ്യൂൾ നിർമ്മാണവും നടന്നു.
🟥 കോയിപ്പാട്സ്കൂളിൽ ഒന്നാം ക്ലാസിൽ* അധ്യാപിക
മെയ് മാസത്തിൽ തന്നെ എൻ്റെ സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ജൂണിൽ പ്രവേശനോത്സവദിവസം തന്നെ രക്ഷിതാക്കളെ കൂടി ഇരുത്തി ആദ്യ ക്ലാസ്സെടുത്ത് രീതിശാസ്ത്രം മനസിലാക്കിച്ചു. കൈ വഴക്കമോ പ്രീസ്കൂൾ അനുഭവമോ ഇല്ലാത്ത കുട്ടികളായിരുന്നു കൂടുതലും ‘
കൃത്യമായി ഔദ്യോഗിക സംവിധാനം തയ്യാറാക്കിയ പാഠപ്രക്രിയ ഉപയോഗിച്ചുള്ള വിനിമയമായിരുന്നു .ഒപ്പം യുറീക്ക ശാസ്ത്രമാസികയും ചിത്ര പുസ്തകങ്ങളും ധാരാളമായി ഉപയോഗിച്ചു. സാരമായ കുടുംബപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ, ഗൃഹപിന്തുണ ലഭിക്കാത്ത കുട്ടി’ അനാരോഗ്യം അങ്ങനെ ഈ വർഷവും മാറ്റമൊന്നുമില്ല. എങ്കിലും ക്ലാസ്പ്രവർത്തനങ്ങൾ ഉഷാറാക്കി ‘പലവിധ കാരണങ്ങളാൽ വ്യക്തിഗത പരിഗണ ആവശ്യപ്പെടുന്നവരാണ് എൻ്റെ ക്ലാസിലെ എല്ലാ കുട്ടികളും. പലപ്പോഴും അവർക്കായി ഞാൻ തൽസമയ ജൈവപാഠങ്ങൾ നൽകി വരുന്നു. പാട്ടരങ്ങ് ആദ്യം പ്രയാസം തോന്നിയെങ്കിലും വളരെ മികച്ച ഉപാധിയായി പിന്നീടത് മാറി. പാട്ടുകളെല്ലാം വായനക്കാർഡാക്കി ക്ലാസ്മുറിയിൽ ലഭ്യമാക്കി. ഇപ്പോൾ തെളിവെടുത്തെഴുതാനും അവരത് ഉപയോഗിക്കുന്നുണ്ട്.
പത്ര നിർമ്മാണവും എന്നെ ആദ്യഘട്ടത്തിൽ പ്രയാസം തോന്നിപ്പിച്ചിരുന്നു എങ്കിലും. ക്രമേണ എളുപ്പത്തിലാവുകയും സാധ്യത തെളിയുകയും ചെയ്തു. മാതൃഭൂമി വാർത്ത കണ്ട് പുറത്ത് നിന്ന് ആളുകൾ ഒന്നാം ക്ലാസുകാരുടെ പത്രം കാണാൻ ക്ലാസിലേക്ക് വന്ന സന്തോഷകരമായ അനുഭവവും ഉണ്ടായി.
ആദ്യ യൂണിറ്റിൻ്റെ അവസാനം തന്നെ ചിത്രകഥാപുസ്തകങ്ങൾ രൂപം കൊണ്ടു ‘ കവിതാ സദസ്സുകൾ പ്രാവർത്തികമാക്കി
. ജൂലൈയിൽ സംയുക്ത ഡയറി ആരംഭിച്ചു. ഇത്തവണയും പലർക്കും ഞാൻ അമ്മയായി. ഒരു ദിവസം ഒരു കുട്ടിയുമൊത്ത് ഡയറി എഴുതാനിരുന്നു. ആദ്യ ഡയറിയാണ് ‘ കുറച്ചു ദിവസമായി ക്ലാസിൽ ഹാജരാകാത്ത കുട്ടിയാണ്.
ഞാൻ: എന്തൊക്കെയാ മോനേ വിശേഷങ്ങൾ?
കുട്ടി’ : അമ്മയെ അച്ഛൻ അടിച്ച് ചവിട്ടി മുടിയിൽ പിടിച്ച് വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടതാ ടീച്ചർ വിശേഷം.
സ്തംഭിച്ചിരുന്നു പോയ ഞാൻ
ഇത് ഇവിടെ കുറിച്ചത് കുഞ്ഞുമനസുകളിൽ പലപ്പോഴും ഒരു കടൽ ഇരമ്പുന്നുണ്ടാകും എന്ന എൻ്റെ ബോധ്യത്തിൻ്റെ വെളിച്ചത്തിലാണ്.
ഹാജരില്ലായ്മയാൽ അനുഭവ വിടവുണ്ടായ കുട്ടിയുടെ വീട്ടിലേക്ക് അവധി ദിവങ്ങളിലെ ത്തി ഒപ്പമിരുന്നു. സമീപവീടുകളിലെ കൂട്ടുകാരേയും ഒപ്പം കൂട്ടി.
/
ഞങ്ങടെ ഡയറിയെഴുത്തും പ്രവർത്തനങ്ങളും പുരോഗമിച്ചു.
ഭാഷാശേഷിയോടൊപ്പം കുട്ടികളുടെ നിരീക്ഷണപാടവവും കൂടി. ഓന്ത് മുട്ടയിട്ടതും സൂര്യപ്രകാശത്തിലെ നിറങ്ങളും ആകാശത്തിൻ്റെ നിറമാറ്റവും പുഴ നിറയുന്നതും ഒക്കെ അവർ ഡയറിയിലാക്കി.ഓരോ ഡയറിക്കുറിപ്പിൽ ശരാശരി പതിനെട്ട് തവണ കുട്ടി പരിചിതാക്ഷരങ്ങൾ എഴുതുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്നു. അവർ പത്രം തയ്യാറാക്കി. നാട്ടുവിശേഷങ്ങൾ എഴുതി '
എല്ലാവർക്കും പുസ്തകങ്ങളായി '
ഇവ എൻ്റെ അധ്യാപനജീവിതത്തിൽ ഏറ്റവും വലിയ അടയാളപ്പെടുത്തലുകൾ നടന്ന ദിനങ്ങൾ. നിധി ടീച്ചർ , സോഫി ടീച്ചർ, വിദ്യാലയ പിന്തുണാ സമിതി അംഗങ്ങൾ അടക്കം ഞങ്ങൾ ഒരു ടീമായതിൻെ റ വിജയം. കരുത്ത് പകർന്ന് ഒപ്പം നിന്നത് രണ്ട് വർഷക്കാലം വിദ്യാലയത്തെ നയിച്ച ഞങ്ങളുടെ ഏറെ പ്രിയപ്പെട്ട പ്രഥമാധ്യാപിക കനക ടീച്ചറും . അക്ഷരാർത്ഥത്തിൽ മഹത് വ്യക്തിത്വത്തിനുടമയായ കനകലത ടീച്ചർക്ക് ഹൃദയം കൊണ്ടെഴുതുന്നു നന്ദി.
ധന്യമായ രണ്ട് വർഷങ്ങൾ . കൂടുതൽ സ്വപ്നങ്ങളോടെ വരും വർഷത്തേ
ക്ക് . ഓൺലൈൻ കൂട്ടായ്മകളിലൂടെയും പരിശീലനങ്ങളിലൂടെയും
കിട്ടിയ വിവിധജില്ലകളിലെ മിടുമിടുക്കരായ ഒന്നാന്തരം അധ്യാപകരാണ് ഇപ്പോൾ ഊർജ്ജം .
സൈജ.എസ്
കോയിപ്പാട് ഗവ.എൽപി എസ്
കൊല്ലം
Subscribe to:
Comments (Atom)
കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം
നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ...





































