Monday, June 16, 2025

തളിരിട്ട് തുടങ്ങിയ സർഗ്ഗാത്മാകത
 

ക്ലാസ്സ് പി ടി എ കഴിഞ്ഞ് അന്ന് വൈകുന്നേരം മുതൽ തന്നെ  ചിത്രപുസ്തകവായന നടത്തി ഒരു മിനിട്ട് വീഡിയോ പങ്കിടാൻ തുടങ്ങിയെങ്കിലും ഡയറിയെഴുത്ത് തുടങ്ങിയത് ഒൻപതാം തീയതി മുതലാണ്. ആദ്യ ദിവസം  9 പേരും രണ്ടാം ദിവസം 17പേരും ഡയറി എഴുതി. അന്ന് വരാതിരുന്നവരിൽ ഒരാൾ ഡയറി എഴുതി ഗ്രൂപ്പിലിട്ടു. വീട്ടു പിന്തുണ കുറവുള്ള ഒരു കൂട്ടുകാരി രാവിലെ കുറച്ചു നേരത്തേ സ്കൂളിലെത്തും. ഞാനും എത്തും  പിന്നെ ഞങ്ങൾ സംയുക്തമായി ഡയറി എഴുതും. മറ്റുള്ളവർക്കൊപ്പം ഡയറി എന്നെക്കാണിച്ച് അവളും സ്റ്റാർ വാങ്ങും.
 
ഇത് എന്‍റെ ഡയറി   

  ♦️ കൂട്ടുകാരോടൊപ്പം ഞാനും ഡയറി എഴുതുന്നുണ്ട്.

♦️ എല്ലാ ദിവസവും കൂട്ടുകാരിലൊരാൾ എൻ്റെ ഡയറി ക്ലാസ്സിൽ ഉറക്കെ വായിക്കും.

♦️ അവധി ദിനത്തിൽ എൻ്റെ ഡയറ്റി ഞാൻ രാവിലെത്തന്നെ ഗ്രൂപ്പിലിടും

♦️ അപ്പോൾ അവരും എഴുതി ഗ്രൂപ്പിലിടും.

♦️ എൻ്റെ ഡയറിയിൽ  ആദ്യം ചെറുവാക്യങ്ങളായിരുന്നു. പിന്നെ മെല്ലെ ഭാഷ ഉയർത്താൻ തുടങ്ങി.

♦️ ഇപ്പോൾ കൂട്ടുകാർ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു, കണക്കും സയൻസും പഠിച്ചു എന്നതിൽ നിന്നൊക്കെ മാറി  പ്രകൃതിയ്ക്കും മഴയ്ക്കും  സമകാലീനതയ്ക്കുമൊക്കെ ഡയറിയിൽ ഇടം കൊടുത്തു തുടങ്ങി.

കൂട്ടുകാർക്കൊപ്പം ചേർന്നുള്ള എൻ്റെ ചില ഡയറിക്കുറിപ്പുകൾ

ഡയറിത്താളിൽ ഒരു കുഞ്ഞു ചിത്രം

9. 6. 2025
തിങ്കൾ
സുഹൈൽ അഭിമാനം

ഇന്ന് ക്ലാസ്സിലെ മൂന്ന് കൂട്ടുകാർ, വായനോത്സവത്തിന്റെ ഭാഗമായി നൽകിയ പുസ്തകം വായിച്ചു കഴിഞ്ഞു എന്ന് കേട്ടതിൽ വലിയ സന്തോഷം തോന്നി.

"ഇത് ഞാനാ " എന്ന പുസ്തകം സുഹൈൽ കഥാംശം ഒട്ടും ചോരാതെ അവതരിപ്പിച്ചു

അഭിമാനം തോന്നി.

ക്രമേണ എല്ലാ കൂട്ടുകാരും വായിക്കുമെന്ന് പ്രതീക്ഷയുണ്ട്

10.6. 2025
ചൊവ്വ

ഇന്ന് ഒൻപത് കൂട്ടുകാർ ഡയറി എഴുതി. 

എല്ലാവരുടെ ഡയറിയും നോക്കി.

ശേഷം കൂട്ടുകാർ എന്റെ ഡയറി ചോദിച്ചു.

ലാവണ്യയും ഹിബയും കൂടി എന്റെ ഡയറി ഉറക്കെ വായിച്ചു.

പക്ഷേ ചിത്രം ഇല്ലായിരുന്നു. അവരത് ഓർത്തില്ലെന്നു തോന്നുന്നു! 

ഇന്നലത്തെ ഡയറിത്താളിൽ ഒരു കുഞ്ഞു ചിത്രം വരച്ചു വച്ചു .

എനിക്ക് ഇഷ്ടപ്പെട്ടു .

അദബിയുടെ കൗതുകം

11.6.2025
ബുധൻ

രാവിലെ സ്കൂളിലേക്ക് മഴനനഞ്ഞ് ഓടിക്കയറി 9 മണി ആകുന്നു .അദബിയ എത്തിയിട്ടുണ്ട്. ഞാനും അദബിയും കൂടി പടികൾ കയറി ക്ലാസ്സിലെത്തി. സംയുക്ത ഡയറി എഴുതാൻ അദബിക്ക് ഒപ്പംകൂടി. ഇന്നലെ ആദ്യമായി കണ്ട പ്രൊജക്ടറിലെ കൗതുകമായിരുന്നു അദബിയുടെ  മനസ്സ് നിറയെ! അവളത് വളരെ മനോഹരമായി വരച്ചു. വരയിൽ തെളിഞ്ഞത് മനോഹരം! വാക്കിൽ തെളിഞ്ഞത് അതിമനോഹരം!
 ഉച്ചയ്ക്കുശേഷം ഇംഗ്ലീഷ് ക്ലാസ്സിൽ ആദിലിൻ്റെ കൃത്യമായ ചോദ്യങ്ങൾ ക്ലാസ് ഉഷാറാക്കി . ചോദ്യം ചോദിക്കുന്ന കുട്ടികളാണ് ക്ലാസുകൾ സജീവമാക്കുന്നത് !




പതിമൂന്നാം തീയതിയിലെ ഈ ഡയറി ഒരു വഴിത്തിരിവായിരുന്നു.  അവധി ദിവസമായതിനാൽ എഴുതി ഗ്രൂപ്പിലാണ് ഇട്ടത്.

13.5 . 2025 
ശനി

ഇന്ന് നല്ല മഴയായിരുന്നു. സ്കൂൾ മുറ്റത്ത് വാഹനമിറങ്ങി. നീളത്തിലൊഴുകുന്ന ചായപ്പുഴപോലെ റോഡ്! ബാഗ് ഓഫീസിൽ വച്ച് ഫോണുമെടുത്ത് തിരികെ ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഭീതിയുടെ കടലിരമ്പമായിരുന്നു. വീടിനുള്ളിലേക്ക് പെയ്തിറങ്ങുന്ന മഴക്കാലത്തിൻ്റെ പഴയ അസ്വസ്ഥതയും തികട്ടി വന്നു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുമ്പോൾ ഇന്ന് കൂട്ടുകാർ എങ്ങനെ ക്ലാസ്സിലെത്തുമെന്നോർത്തു നിന്നു പോയി. വസ്ത്രങ്ങളൊതുക്കിയും പുസ്തകങ്ങൾ നെഞ്ചോടു ചേർത്തും അവരെത്തുന്നത് മനസ്സിൽ ചിത്രമായി വന്നു. പെട്ടെന്നാണ് താഴ്ന്ന ശബ്ദത്തിൽ അരികിലൂടൊരു കാറ് നീങ്ങിപ്പോയത്. കരയിലാണ് നിന്നതെങ്കിലും നിന്നിടം മുഴുവൻ കടലാക്കി ആ കാർ കടന്നു പോയി. മുട്ടോളം നനഞ്ഞ് ഞാനും !

ഡയറി വായിച്ച് പലരും ഹൃദയ ചിഹ്നം തന്നു. ഞാനവരോട് മനസ്സിൽ തട്ടിയ  ചിത്രം വരയ്ക്കാമോ എന്ന് ചോദിച്ചു. കുറച്ചു പേർ ചിത്രം വരച്ചിട്ടും. അജ്മി വരച്ചതാണ് ഇത്.



ടീച്ചറിൻ്റെ കൈയിൽ എന്താണെന്ന് ചോദിച്ചപ്പോൾ പറയുന്നു ‘’ ടീച്ചർ ഞങ്ങൾക്ക് ഡയറിയിൽ ഒട്ടിച്ചു തരാറുള്ള സ്റ്റാർ വെള്ളത്തിൽ വീഴാതെ ഉയർത്തിപ്പിടിച്ചിരിക്കുകയാണെന്ന്.!

അടുത്ത ദിവസം ക്ലാസിൽ ഒരാളുടെ ഡയറിയിലും യന്ത്രികത ഉണ്ടായിരുന്നില്ല. എല്ലാവരിലും സർഗ്ഗാത്മകത തളിർകരിട്ട് തുടങ്ങിയിരിക്കുന്നു.!

ഇന്ന് ക്ലാസിൽ എൻ്റെ ഡയറി വിശകലനം ഉണ്ടായിരുന്നു. 
എല്ലാവരും കൂടി ഓരോന്നോരോന്നായി കണ്ടെത്തി.  പിന്നെ, വീടിനുള്ളിലേക്ക് പെയ്തിറങ്ങുന്ന മഴക്കാലത്തിൻ്റെ പഴയ അസ്വസ്ഥതയെ കുറിച്ച് പറഞ്ഞപ്പോൾ അവരിലൊരാൾ എഴുന്നേറ്റ് പറഞ്ഞു. “  എൻ്റെ വീട് ഇപ്പോഴും അങ്ങനെയാണ് ടീച്ചറേ “

No comments:

Post a Comment

കളിയാണ് രീതി ; സ്നേഹമാണ് ഭാഷ അംഗീകാരമാണ് പഠനോപകരണം

      നാല് ദിവസത്തെ തുടർച്ചയായഅവധിയും കഴിഞ്ഞ് ക്ലാസ്സിൽ കൂട്ടുകാരെത്തിയപ്പോൾ ഡയറി വായിക്കാനാണ് എല്ലാവരും ആദ്യം താല്പര്യം കാട്ടിയത്. സ്വന്തം ...